ഇടുക്കി: ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് മേഖലയിൽ അനധികൃതമായി കയ്യേറിയ 10 ഹെക്ടർ ഭൂമി വനംവകുപ്പ് ഒഴിപ്പിച്ചു. കയ്യേറ്റഭൂമിയിൽ കൃഷി ചെയ്തിരുന്ന ഏലച്ചെടികൾ നശിപ്പിക്കുകയും കൃഷിയിടങ്ങൾക്ക് സംരക്ഷണം ഒരുക്കാനായി സ്ഥാപിച്ച ഫെൻസിങ്ങുകൾ പൊളിച്ചുനീക്കുകയും ചെയ്തു. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാതകളും ആനത്താരകളും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ചിന്നക്കനാൽ റേഞ്ച് ഓഫീസർ അരുൺ ഇ.ഡിയുടെയും സ്പെഷ്യൽ റവന്യൂ ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. വർഷങ്ങൾക്ക് മുമ്പ് പ്രൊപ്പോസ്ഡ് വനമായി പ്രഖ്യാപിച്ച പ്രദേശത്ത് 56 ഹെക്ടറോളം വനഭൂമി കയ്യേറിയതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഘട്ടംഘട്ടമായി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
കെഎസ്ഇബിയുടെ വൃഷ്ടിപ്രദേശത്തും സമാനമായ രീതിയിൽ കയ്യേറ്റം നടന്നതായി അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിൽ ഈ പ്രദേശങ്ങളിലേക്കും ഒഴിപ്പിക്കൽ നടപടി വ്യാപിപ്പിക്കും.
മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാതകൾ പുനഃസ്ഥാപിക്കുന്നതിനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഒഴിപ്പിക്കൽ നടപടികൾക്ക് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.




