ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് എസിപി വിവേക് ഭഗത് സ്വതന്ത്ര വനിതാ മാധ്യമപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തുന്നതായും മോശമായി പെരുമാറുന്നതായും ചിത്രീകരിക്കുന്ന എഐ നിർമിത ചിത്രം തയ്യാറാക്കി പ്രചരിപ്പിച്ചെന്നാരോപിച്ച് യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാണ സ്വദേശിയായ 24കാരൻ നദീം അഹമ്മദാണ് അറസ്റ്റിലായത്.
ഡൽഹി പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ചിത്രം പ്രചരിപ്പിച്ച അക്കൗണ്ടിന് ‘ന്യൂസ് ആയിന’ എന്ന യൂട്യൂബ് ചാനലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചാനൽ നടത്തിപ്പുകാരനായ നദീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിത്രം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡൽഹി പോലീസിനെ മോശമായി ചിത്രീകരിക്കുന്ന എഐ നിർമിത ചിത്രങ്ങൾ തയ്യാറാക്കിയതായി നദീം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സമാധാനം തകർക്കാനും അരാജകത്വം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ചിത്രം പ്രചരിപ്പിച്ചതെന്നാണ് പോലീസിന്റെ ആരോപണം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഒക്ടോബർ മൂന്നിന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ എസിപി വിവേക് ഭഗത് ലൈംഗികാതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്തക ആരോപിച്ചിരുന്നു.




