Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റലിൽ ക്രമക്കേട്; സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ കോൺഗ്രസ് അനുകൂല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. പയ്യന്നൂർ കോളേജ് മലയാള വിഭാഗം അധ്യാപികയും സിന്‍ഡിക്കേറ്റ് അംഗവുമായ പ്രൊഫ. പി. പ്രജിതക്കെതിരെയാണ് പരാതി. പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റൽ നടത്തിപ്പിൽ ക്രമക്കേട് നടന്നതായാണ് ആരോപണം.

ഹോസ്റ്റലിലേക്ക് ഗ്യാസ് സിലിണ്ടർ, ചിക്കൻ, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നാണ് പരാതി. 2015ൽ ഹോസ്റ്റൽ ആരംഭിച്ചത് മുതൽ പ്രജിതയാണ് വാർഡനായി തുടരുന്നത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ മേഖലാ പ്രസിഡന്റുമാണ് പ്രൊഫ. പി. പ്രജിത.

പരാതിയെ തുടർന്ന് മാനേജ്‌മെന്റ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. അതേസമയം, അധ്യാപികയ്ക്കെതിരെ എസ്എഫ്ഐ വിജിലൻസിന് പരാതി നൽകി. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വിദ്യാർഥിനികളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക രജിസ്റ്ററിൽ രേഖപ്പെടുത്താതെയും ക്രമക്കേട് നടത്തിയെന്നാണ് പരാതി.

വിഷയത്തിൽ ഇന്ന് പയ്യന്നൂർ കോളേജിൽ പഠിപ്പുമുടക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. അധ്യാപികയെ കോളേജിൽ നിന്നും സർവകലാശാല സിന്‍ഡിക്കേറ്റിൽ നിന്നും മാറ്റിനിർത്തണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം.

ഹോസ്റ്റലിൽ ആഴ്ചയിൽ ഒരു ദിവസം ബുധനാഴ്ചയാണ് വിദ്യാർഥിനികൾക്ക് ചിക്കൻ നൽകുന്നത്. ഒമ്പത് കിലോഗ്രാം ചിക്കൻ വാങ്ങിയതായി കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കിലോഗ്രാമിന് 300 രൂപയിലേറെ നിരക്കാണ് രേഖപ്പെടുത്തിയതെന്നും എസ്എഫ്ഐ ആരോപിക്കുന്നു. അഞ്ച് ആഴ്ചയിൽ പരമാവധി 45 കിലോഗ്രാം ചിക്കൻ മാത്രമേ ആവശ്യമായി വരൂവെന്നും ഇതിന് 10,000 രൂപയിൽ താഴെ മാത്രമാണ് ചെലവ് വരികയെന്നും എസ്എഫ്ഐ പറയുന്നു. എന്നാൽ 45,000 രൂപ ചെലവഴിച്ചതായി രേഖപ്പെടുത്തിയെന്നാണ് ആരോപണം.

മൂന്ന് ഗ്യാസ് സിലിണ്ടറുകൾ മാത്രമാണ് വാങ്ങിയതെന്നും എന്നാൽ വാർഡന്റെ കണക്കിൽ പ്രതിമാസം 12 സിലിണ്ടറുകൾ ഉപയോഗിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എസ്എഫ്ഐ ആരോപിക്കുന്നു. പലവ്യഞ്ജനങ്ങളും വെളിച്ചെണ്ണയും വാങ്ങിയതിലും അധിക തുക രേഖപ്പെടുത്തിയതായും പരാതിയുണ്ട്.

വിദ്യാർഥിനികളിൽ നിന്ന് ഈടാക്കുന്ന പിഴ രജിസ്റ്ററിൽ രേഖപ്പെടുത്താതിരുന്നതിലും ചില മാസങ്ങളിൽ അധിക തുക ഈടാക്കിയതിലും നേരത്തെ തന്നെ പരാതിയുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇന്റേണൽ മാർക്കിന്റെ പേരിൽ ഉൾപ്പെടെ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി പരാതികൾ ഒതുക്കിയെന്നും എസ്എഫ്ഐ ആരോപിക്കുന്നു. ഭീഷണി തുടർന്നതോടെയാണ് രക്ഷിതാക്കളുടെ പിന്തുണയോടെ വിദ്യാർഥിനികൾ എസ്എഫ്ഐ നേതൃത്വത്തിൽ സമരത്തിനിറങ്ങിയതെന്നും സംഘടന പറയുന്നു.

അതേസമയം, ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഹോസ്റ്റൽ മേട്രനെ പുറത്താക്കി സിന്‍ഡിക്കേറ്റ് അംഗത്തെ സംരക്ഷിക്കാൻ കോൺഗ്രസ് അനുകൂല സംഘടനാ നേതൃത്വം ശ്രമിക്കുന്നതായും എസ്എഫ്ഐ ആരോപിച്ചു.

ഇതിനിടെ, വ്യാജ നിയമനത്തിലൂടെ ശമ്പളത്തട്ടിപ്പ് നടത്തിയ കേസിൽ നേരത്തെ കോൺഗ്രസ് നോമിനിയായ സിന്‍ഡിക്കേറ്റ് അംഗം ഡോ. എൻ. കെ. ദീപക്കിനെ തലശ്ശേരി വിജിലൻസ് കോടതി ആറുവർഷം തടവിനും 80,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix