ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. 2026-27 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ യൂട്യൂബിലൂടെ സൗജന്യമായി തത്സമയം കാണാം. ഒക്ടോബർ 10ന് ആരംഭിക്കുന്ന സീസണിലെ മുഴുവൻ മത്സരങ്ങളും ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ യൂട്യൂബിൽ സൗജന്യമായി ലഭ്യമാകും. പ്രത്യേക സബ്സ്ക്രിപ്ഷൻ ചാർജ് ഇല്ലാതെയാണ് മത്സരങ്ങൾ കാണാനാകുക. സോണിലിവിലും മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം തുടരും.
എട്ട് മാസം നീളുന്ന സീസണിൽ ആകെ 163 മത്സരങ്ങളാണ് നടക്കുക. ഒക്ടോബർ 10 മുതൽ 2027 മേയ് വരെ നീളുന്ന സീസണിൽ ലീഗ് പഴയ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തുന്നതും പ്രത്യേകതയാണ്. ജനുവരി 17 വരെ നടക്കുന്ന ആദ്യ ഘട്ടത്തിൽ 78 മത്സരങ്ങളാണുള്ളത്. ഇതിൽ 53 മത്സരങ്ങൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
13 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിൽ മാറ്റുരയ്ക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ, മുംബൈ സിറ്റി, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾക്കൊപ്പം ജംഷഡ്പൂർ എഫ്സിക്ക് പകരം ചർച്ചിൽ ബ്രദേഴ്സും ലീഗിന്റെ ഭാഗമാകും. ഇതോടെ ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ഗോവൻ ഡെർബിക്കും വേദിയൊരുങ്ങും.
ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തിലും ഇത്തവണ ഐഎസ്എൽ മത്സരങ്ങൾ നടക്കും. നവംബർ 24ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡും സ്പോർട്ടിംഗ് ക്ലബ് ഡൽഹിയും തമ്മിലാണ് ഇവിടെ മത്സരം.
അതേസമയം, പ്രമോഷനിലൂടെ ഐഎസ്എല്ലിലെത്തിയ ഡയമണ്ട് ഹാർബർ എഫ്സിയെ അഡ്മിനിസ്ട്രേറ്റീവ് ഫീസ് അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് പോയിന്റ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് ഐഎസ്എൽ ഷീൽഡും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലേക്കുള്ള യോഗ്യതയും ലഭിക്കും. പോയിന്റ് പട്ടികയിലെ ആദ്യ ആറ് ടീമുകളാണ് തുടർന്ന് ഐഎസ്എൽ കപ്പിനായുള്ള പ്ലേഓഫിൽ പ്രവേശിക്കുക.


