ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് പുതിയ കേസുകൾ. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തത്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ പ്രതിപക്ഷ നേതാക്കൾ ദില്ലിയിലെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാഷ്ട്രപതിയെ കാണാനുള്ള 10 നേതാക്കളെ തീരുമാനിക്കുന്നതിനായി രാവിലെ 11 മണിക്ക് നേതാക്കൾ യോഗം ചേരും.
പ്രതിഷേധം ഇന്നും ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ദില്ലിയിലേക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതോടെ നഗരത്തിലെത്തുന്ന കേന്ദ്രസേനാംഗങ്ങളുടെ എണ്ണം 26,000 ആയി ഉയരും. പ്രതിഷേധത്തിലെ വനിതാ പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിഎപിഎഫ് കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്.
ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചതോടെ പൊലീസ് സുരക്ഷാ നടപടികൾ ശക്തമാക്കി. സ്റ്റേഡിയങ്ങൾ താൽക്കാലിക കസ്റ്റഡി കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ്, ഹരിയാന അതിർത്തികളിൽ പരിശോധനയും ബാരിക്കേഡിംഗും ശക്തമാക്കും. പ്രതിഷേധത്തിനായി ആളുകളെ എത്തിക്കുന്ന ബസുകളുടെ ബുക്കിങ്ങും റൂട്ടുകളും പൊലീസ് നിരീക്ഷിക്കും. മെട്രോ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. നിലവിലുള്ള ഇസഡ് പ്ലസ് സുരക്ഷ കൂടുതൽ ശക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷ ഏർപ്പെടുത്തി. വസതിക്ക് സമീപം അധിക അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. ദില്ലിയിലെയും ആഗ്രയിലെയും വസതികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




