കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിലെ മുഖ്യപ്രതി ശ്രീരാജ് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചതായി കണ്ടെത്തി. ഇത്തരത്തിൽ 15 യുവതികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇവർക്ക് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ശ്രീരാജിന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ചാറ്റ് വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.
അഭിമുഖത്തിനായി എത്തിയ യുവതികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം പരാതിയുണ്ടെങ്കിൽ കേസെടുത്ത് തുടർനടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം. കേസിലെ പ്രതി ശരണ്യയ്ക്ക് പുറമെ സ്പായിലെ മറ്റ് ജീവനക്കാരുടെ പശ്ചാത്തലവും വിശദമായി പരിശോധിക്കും.
പ്രതികളുടെയും ഇടപ്പള്ളിയിലെ സ്പായുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടികളും പൊലീസ് ആലോചിക്കുന്നുണ്ട്.
സ്പായിൽ മാനേജർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിന് ക്ഷണിച്ച യുവതിയെ പിന്നീട് ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തെത്തുടർന്ന് മാനസികാഘാതത്തിലായ യുവതി ചികിത്സയിലാണ്.
യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനായി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. കേസിലെ നാല് പ്രതികളെയും തിരിച്ചറിഞ്ഞ യുവതി, അമ്മു എന്നറിയപ്പെടുന്ന സ്പാ ജീവനക്കാരി ശരണ്യ ഉൾപ്പെടെയുള്ളവർ ലൈംഗികാതിക്രമം നടത്തിയതായി മൊഴി നൽകിയെന്നാണ് വിവരം.
മുഖ്യപ്രതി ശ്രീരാജിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ആറുമാസം മുമ്പ് സ്പായിൽ ജോലിക്കെത്തിയ ശരണ്യയ്ക്ക് ലൈംഗിക ചൂഷണ ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ശരണ്യയ്ക്കും സുഹൃത്ത് സഞ്ജയ്ക്കും ശ്രീരാജുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കൂടുതൽ യുവതികളെ സമാനരീതിയിൽ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.




