കൊച്ചി: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ കണ്ണൂർ സ്വദേശിയായ 41കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി. ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തുണിക്കടയുടെ കവറിലെ ചെറിയ അടയാളം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചറിഞ്ഞതാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 30നാണ് സംഭവം നടന്നത്. സ്കൂൾ വിട്ട് എറണാകുളത്തുനിന്ന് എളമക്കരയിലെ വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു അതിക്രമം. കുട്ടിയുടെ പിന്നിൽ നിന്ന പ്രതി മോശമായി പെരുമാറിയെന്നാണ് പരാതി. പലതവണ മാറിനിൽക്കാൻ ശ്രമിച്ചിട്ടും ഇയാൾ ശല്യം തുടർന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠിയും സംഭവത്തിന് സാക്ഷിയായിരുന്നു.
വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് എളമക്കര പൊലീസിൽ പരാതി നൽകി. സംഭവം നടന്നത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം നോർത്ത് പൊലീസിന് കൈമാറി.
ബസ് നിർത്തിയ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പ്രതി എളമക്കര പുതിയ റോഡ് ഭാഗത്ത് ഇറങ്ങിയതായി കണ്ടെത്തി. പിന്നീട് പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി തുണിക്കടയുടെ കവർ കൈവശം വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
കവറിൽ വളരെ ചെറിയതായി കാണപ്പെട്ടിരുന്ന കടയുടെ അടയാളം സാങ്കേതികവിദ്യ ഉപയോഗിച്ച് വലുതാക്കി പരിശോധിച്ചാണ് പൊലീസ് കട തിരിച്ചറിഞ്ഞത്. തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങൾ മണിക്കൂറുകളോളം പരിശോധിച്ചു. ഇതിൽ പ്രതി കൗണ്ടറിൽ ബിൽ അടയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്വന്തം ലേഡീസ് സ്റ്റിച്ചിങ് യൂണിറ്റ് നടത്തുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കെ.ഒ. ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.




