തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൊബൈൽ ഫോണിൽ നിന്ന് വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തെന്നാരോപിച്ച് ആറുവയസ്സുകാരിക്ക് ക്രൂര മർദ്ദനം. മകളെ മർദിച്ച സംഭവത്തിൽ അമ്മക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒയോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും കമ്മീഷൻ വിശദീകരണം തേടി.
നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. അമ്മ ശോഭയുടെ മൊബൈൽ ഫോണിൽ നിന്ന് വാട്സ്ആപ്പ് അക്കൗണ്ട് അൺഇൻസ്റ്റാൾ ചെയ്തെന്നാരോപിച്ചാണ് കുട്ടിയെ മർദിച്ചതെന്നാണ് റിപ്പോർട്ട്. തടിക്കഷ്ണം ഉപയോഗിച്ചും കുട്ടിയെ അടിച്ചതായി പറയുന്നു.
മർദനത്തിൽ അവശയായ കുട്ടിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായതോടെ അമ്മയും മുത്തശ്ശിയും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്.
എന്നാൽ കുട്ടിയുടെ ശരീരമാസകലം മുറിവുകളും മുഖത്ത് ഗുരുതരമായ പരിക്കുകളും കണ്ടെത്തിയതോടെ ഡോക്ടർ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നാണ് അമ്മ മർദിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്.




