കൊഞ്ച് നന്നായി വൃത്തിയാക്കി എടുക്കുക. കൊഞ്ച് അധികനേരം വേവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ വേവിച്ചാൽ കൊഞ്ച് റബ്ബർ പോലെ കട്ടിയാകാൻ സാധ്യതയുണ്ട്. പാൻ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക. തുടർന്ന് അരിഞ്ഞ വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞ ഇഞ്ചി, ചെറിയുള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം.
ചേരുവകൾ നന്നായി വഴന്നു വരുമ്പോൾ അൽപം മഞ്ഞൾപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് രണ്ടുമൂന്ന് മിനിറ്റ് മാത്രം വഴറ്റിയെടുക്കാം. കൊഞ്ച്അ അധികം വേവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. തുടർന്ന് നീളത്തിൽ അരിഞ്ഞ തക്കാളി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കറി കരിഞ്ഞുപിടിക്കാതിരിക്കാൻ ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. കൊഞ്ച് പാകമാകുകയും കറി നന്നായി കുറുകുകയും ചെയ്യുമ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കാം. തേങ്ങാപ്പാൽ ചേർത്തതിന് ശേഷം അധികനേരം തിളപ്പിക്കേണ്ടതില്ല. ഒന്ന് ചൂടായ ശേഷം ഗ്യാസ് ഓഫ് ചെയ്യാം.
വസാനമായി ചതച്ച കുരുമുളകും അൽപം പച്ചവെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കിയാൽ ആലപ്പുഴ സ്റ്റൈൽ കൊഞ്ച് പാൽക്കറി തയ്യാർ. ഇടിയപ്പം, അപ്പം, ചോറ്, പൊറോട്ട എന്നിവയ്ക്കൊപ്പമൊക്കെ ഈ നാടൻ രുചിക്കൂട്ടിനെ വിളമ്പാം. മരാരിക്കുളത്തിന്റെ കടൽക്കാറ്റിനൊപ്പം ആസ്വദിക്കാവുന്ന ലളിതവും രുചികരവുമായൊരു കൊഞ്ച് വിഭവം തന്നെയാണ് സാന്താരി റിസോർട്ടിലെ ഈ സിഗ്നേച്ചർ കൊഞ്ച് പാൽക്കറി.


