കൊച്ചി: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകി. അപകടത്തിൽപ്പെട്ട കാർ ഓടിച്ച 19കാരൻ വിവിധ ബാറുകളിൽനിന്ന് മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിയമം ലംഘിച്ച് യുവാവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടിയെടുക്കാനാണ് നിർദേശം. ഇന്ന് പുലർച്ചെ 12.30ഓടെയാണ് സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
നെടുമ്പാശ്ശേരിയിലേക്ക് പോകുന്നതിനിടെ സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ് വിവരം. മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിൽനിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനാണ് ഇയാൾ എത്തിയത്. വിമാനം പുലർച്ചെ 2.40ന് എത്തേണ്ടതിനാൽ ഇതിനിടെ വീണ്ടും ബാറുകളിൽ പോയി മദ്യപിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ സുഹൈൽ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി രക്തസാമ്പിൾ ശേഖരിച്ചു.
മരിച്ച മൂന്ന് പേരും തൃക്കാക്കരയിലെ ഒരു കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർത്ഥിനികളാണ്. സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി സി.പി. ജോണും നിർദേശം നൽകിയിട്ടുണ്ട്.




