തിരുവനന്തപുരം: മാസപ്പടി- ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവരും കേസിലെ മറ്റ് പ്രതികളാകും. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് പകരം നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
സർക്കാരിന്റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഡിജിപി പുറപ്പെടുവിച്ച ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നതിനാൽ വിജിലൻസ് നടപടികൾ സൂക്ഷിച്ചാണ് മുന്നോട്ടുപോകുന്നത്.
ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനാൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് വിജിലൻസിന്റെ നിലപാട്.
വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് പിണറായി വിജയൻ. കേസിൽ സർക്കാർ അപ്പീൽ നൽകണമെന്ന സിപിഎമ്മിന്റെ ആവശ്യം സർക്കാർ പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.




