കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവിന് സഹായധനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. കോഴിക്കോട് വെസ്റ്റിൽ താമസിക്കുന്ന പി.കെ. സുരാജിനാണ് പണം നഷ്ടമായത്. വീടില്ലാത്ത സുരാജിന് ഗൾഫിലുള്ള ഒരു സംഘടന അഞ്ചുലക്ഷം രൂപ സഹായധനം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സഹായധനം ലഭിക്കുന്നതിനായി കരാർ തയ്യാറാക്കാൻ 2,600 രൂപയും പണം കൈമാറുന്നതിനുള്ള സേവനച്ചെലവായി 4,600 രൂപയും ആവശ്യപ്പെട്ടെന്നാണ് പരാതി. ഡയാലിസിസിനായി സുമനസ്സുകൾ നൽകിയ പണമാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്.
സുരാജിനെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സഹായധനം കൈമാറുന്നതിനായി കരാർ തയ്യാറാക്കിയിട്ടുണ്ടെന്നും സുരാജ് ഒപ്പിട്ടാൽ മതിയെന്നുമാണ് സംഘം പറയുന്നത്. എന്നാൽ, പണം കൈമാറുന്നതിന് മുൻപ് വിവിധ ചെലവുകൾക്കായി തുക നൽകണമെന്ന് സംഘം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
സംഘം പെരുമ്പിലാവിൽനിന്ന് സുരാജിന്റെ അടുത്തേക്ക് വരുമെന്നും യാത്രയ്ക്കുള്ള ഇന്ധനച്ചെലവ് തയ്യാറാക്കി വയ്ക്കണമെന്നും സംഭാഷണത്തിൽ ആവശ്യപ്പെടുന്നു. ഒരു ലക്ഷത്തിന് 860 രൂപ വീതം നൽകണമെന്നും അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് 4,300 രൂപ വേണമെന്നും സംഘം പറയുന്നുണ്ട്. സഹായധനം ലഭിക്കാൻ വീണ്ടും പണം നൽകേണ്ടിവരുന്നതിനെക്കുറിച്ച് സുരാജ് സംശയം ഉന്നയിക്കുന്നതും ശബ്ദരേഖയിലുണ്ട്.
സഹായം നൽകുന്നത് ഗൾഫിലുള്ള ആരാണെന്നും ഏതെങ്കിലും സംഘടനയാണോ പണം നൽകുന്നതെന്നും സുരാജ് ചോദിക്കുന്നുണ്ട്. വ്യക്തികളുടെ ഫണ്ടാണെന്നും സംഘടനയില്ലെന്നുമാണ് മറുപടി. പത്രങ്ങളിൽ വാർത്ത വന്നതിനാൽ മാധ്യമങ്ങളെ അറിയിക്കേണ്ടിവരുമെന്ന് സുരാജ് പറഞ്ഞപ്പോൾ, വാർത്ത നൽകേണ്ടെന്നും ആരെയും അറിയിക്കേണ്ടെന്നും സംഘം ആവശ്യപ്പെടുന്നു.
നേരത്തേ തന്നെ 2,600 രൂപ നൽകിയിട്ടുണ്ടെന്നും സഹായം ലഭിക്കുന്നതിനായി വീണ്ടും പണം ആവശ്യപ്പെടുന്നതിന്റെ കാരണം വ്യക്തമാകുന്നില്ലെന്നും സുരാജ് സംഭാഷണത്തിൽ പറയുന്നു. ആശുപത്രിയിൽ പോകേണ്ടതിനാൽ അന്നുതന്നെ എത്താനാകില്ലെന്നും നേരിട്ട് കണ്ടശേഷം മാത്രമേ ഇന്ധനച്ചെലവ് നൽകൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചികിത്സയ്ക്കായി മറ്റുള്ളവർ നൽകിയ സഹായത്തുക തട്ടിപ്പിലൂടെ നഷ്ടമായതോടെ സംഭവത്തിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.




