തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം ഉണ്ടാക്കിയെന്നാണ് ആരോപണം.
ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.
മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാലുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം. പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.




