കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്. ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് പൊലീസ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ.
ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ജീവനക്കാർ സ്വന്തം ക്യുആർ കോഡ് സ്കാനർ കാണിച്ചാണ് യാത്രക്കാരിൽനിന്ന് പണം സ്വീകരിച്ചിരുന്നത്. ഈ പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകുന്നതിന് പകരം പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കാണ് എത്തിയിരുന്നത്. പിന്നീട് പണം പ്രതികൾ വീതിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ടോൾ പ്ലാസ മാനേജർ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




