പത്തനംതിട്ട: പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 24ന് എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി രാജു എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ഏഴ് വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടും ഒന്നുപോലും ഒഴിവാക്കിയിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ വെറുംകൈയോടെ വീടുവിട്ട് ഇറങ്ങിപ്പോകണമെന്നാണോ റാന്നി എംഎൽഎ പറയുന്നതെന്ന് രാജു എബ്രഹാം ചോദിച്ചു. ഹർത്താലിനെ റാന്നി എംഎൽഎ എതിർക്കുന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൽഡിഎഫിന്റെ ഹർത്താൽ ആഹ്വാനത്തെ വിമർശിച്ച് പഴകുളം മധു എംഎൽഎ രംഗത്തെത്തി. സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിനെതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും ജനങ്ങളെ വഞ്ചിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പോലും ഇടതുമുന്നണി തയ്യാറായില്ലെന്നും കേരളത്തിലെ മറ്റൊരു ജില്ലയിലും ഇത്തരത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്നും പഴകുളം മധു പറഞ്ഞു.
ഇടുക്കിയിലെ ഹർത്താൽ പൂർണം
അതേസമയം, പരിസ്ഥിതിലോല മേഖലാ വിഷയവും ഭൂപ്രശ്നങ്ങളും ഉന്നയിച്ച് ഇടുക്കിയിൽ സിപിഎം നടത്തിയ ഹർത്താൽ പൂർണമായിരുന്നു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ.
പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ച പ്രദേശങ്ങളുടെ കഡാസ്ട്രൽ മാപ്പിൽ വ്യക്തതയില്ലെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തെച്ചൊല്ലി രാഷ്ട്രീയ തർക്കം തുടരുകയാണ്.




