കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരെയാണ് പയ്യന്നൂർ പൊലീസ് മൈസൂരുവിൽനിന്ന് പിടികൂടിയത്. കേസിൽ നേരത്തെ പ്രാദേശിക ബിജെപി നേതാവും കണ്ണൂർ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) അറസ്റ്റിലായിരുന്നു. പിടിയിലായ പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ജൂൺ രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തി 55 ലക്ഷം രൂപയും സ്വർണവും കവർന്നത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരൻ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ചാണ് കവർച്ച നടത്തിയത്. പരാതിക്കാരന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണവും നഷ്ടപ്പെട്ടിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 310-ാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. കാറിനുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പരിയാരം പൊലീസിനെ അറിയിക്കുകയായിരുന്നു.




