പാലക്കാട്: മണ്ണാർക്കാട് കള്ളുഷാപ്പിലെ തൊഴിൽ തർക്കത്തെ തുടർന്ന് സിപിഎം– സിഎംപി പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. ഷാപ്പിന് മുന്നിൽ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് സിഎംപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
വിരമിച്ച തൊഴിലാളിക്ക് പകരം എത്തിയ മറ്റൊരു തൊഴിലാളിയെ ജോലിയിൽ പ്രവേശിക്കാൻ കരാറുകാരൻ അനുവദിക്കാത്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് സിഎംപി പ്രവർത്തകർ ഇന്നലെ കള്ളുഷാപ്പ് പൂട്ടിച്ചിരുന്നു.
ഷാപ്പ് അടച്ചതിനെ ചോദ്യം ചെയ്യാനെത്തിയ സിഐടിയു പ്രവർത്തകരും സിഎംപി പ്രവർത്തകരും തമ്മിൽ ഇന്നലെ സംഘർഷമുണ്ടായി. ഇതിന് പിന്നാലെ ഇന്ന് സിപിഎം ഏരിയ സെക്രട്ടറിയും സംഘവും ഷാപ്പ് തുറക്കാനെത്തിയതോടെ വീണ്ടും ഏറ്റുമുട്ടലുണ്ടായെന്നാണ് വിവരം.
അതിനിടെ, മണ്ണാർക്കാട് നഗരത്തിലെ സിഎംപിയുടെ ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചതായും ആരോപണമുണ്ട്. സംഘർഷത്തിനിടെ മർദനമേറ്റെന്ന പരാതിയെ തുടർന്ന് കള്ളുഷാപ്പിലെ രണ്ട് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഎംപി പ്രവർത്തകരാണ് മർദിച്ചതെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രദേശത്ത് സംഘർഷം വ്യാപിക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ട്.




