കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ ഉടമസ്ഥരായ കെ.ടി.ഡി.എഫ്.സി തന്നെ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാടക കുടിശിക അലിഫ് ബിൽഡേഴ്‌സിൽനിന്ന് ഈടാക്കാനും കോടതി നിർദേശിച്ചു. കുടിശിക നൽകിയില്ലെങ്കിൽ കരാർ വ്യവസ്ഥകൾ പ്രകാരം നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.
വിള്ളലുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചെന്നൈ ഐ.ഐ.ടി നിർദേശിച്ച അറ്റകുറ്റപ്പണികൾ ആരാണ് നടത്തേണ്ടതെന്ന കാര്യത്തിൽ ഉടമകളും വാടകക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതേത്തുടർന്ന് അറ്റകുറ്റപ്പണികൾ മുടങ്ങുകയായിരുന്നു. തുടർന്നാണ് അലിഫ് ബിൽഡേഴ്‌സ് കോടതിയെ സമീപിച്ചത്. കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അറ്റകുറ്റപ്പണികൾക്കായി ചെന്നൈ ഐ.ഐ.ടി ആദ്യം 30 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് ബർട്ടൺ ഹിൽ എൻജിനീയറിങ് കോളേജ് നടത്തിയ പഠനത്തിൽ ചെലവ് 6.3 കോടി രൂപയായി കുറഞ്ഞു. ഹൈക്കോടതി ഉത്തരവോടെ കുടിശികയായ വാടക ഈടാക്കാനും വഴിയൊരുങ്ങി.




