ആലപ്പുഴ: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ജീവനക്കാരിയും ചുനക്കര സ്വദേശിനിയുമായ സുരഭി (38) ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കൊല്ലം–തേനി ദേശീയപാതയിൽ വെട്ടിയാർ പള്ളിമുക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സുരഭിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ചുകയറിയതിനെ തുടർന്ന് കടയുടെ മുൻഭാഗം തകർന്നു. അപകടത്തിന് പിന്നാലെ കാർ ഓടിച്ചിരുന്നയാൾ വാഹനത്തിൽനിന്ന് ഇറങ്ങിയോടി. സംഭവത്തിൽ കുറത്തികാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.



