ലഖ്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ രാഹുലിന്റെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്നാണ് വിവരം. അപകടത്തിൽ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ വാഹനവ്യൂഹത്തിലുണ്ടായിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
അപകീർത്തിക്കേസിൽ നേരിട്ട് ഹാജരാകാനായി സുൽത്താൻപൂരിലെ പ്രത്യേക എം.പി.-എം.എൽ.എ കോടതിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു.
വിമാനത്താവളത്തിൽനിന്ന് സുൽത്താൻപൂരിലേക്ക് പോകുന്നതിനിടെ രാഹുൽ ഗാന്ധിയുടെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് റോഡരികിൽ നിർത്തിയ രാഹുൽ ഗാന്ധിയുടെ വാഹനം പിന്നീട് യാത്ര തുടർന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




