കണ്ണൂർ: കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലുണ്ടായ സ്റ്റീൽ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം തുടരുന്നു. രണ്ട് ദിവസം മുമ്പ് രാത്രിയിലാണ് റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലും സ്ഫോടനങ്ങൾ ഉണ്ടായത്.
സ്ഫോടനശബ്ദം കേട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഫോടനം നടന്ന രണ്ട് സ്ഥലങ്ങളിലും സിസിടിവി ക്യാമറകളില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. ഇതേത്തുടർന്ന് കണ്ണവം ജംഗ്ഷനിലെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.
സംഭവങ്ങളുടെ പിന്നിൽ ആരാണെന്നും സ്ഫോടനത്തിന് പിന്നിലെ കാരണമെന്താണെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമീപപ്രദേശങ്ങളിലും കനത്ത പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.



