കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗായ്ഘട്ടയിൽ ബലാത്സംഗക്കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രഹ്ലാദ് ദാസാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനിടെ വെടിവയ്പ്പുണ്ടായതായാണ് പൊലീസിന്റെ വിശദീകരണം.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഗായ്ഘട്ടയിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം കണ്ടെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രഹ്ലാദ് ദാസിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന്റെ ഭാഗമായി തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചപ്പോഴാണ് വെടിവയ്പ്പുണ്ടായത്.
തെളിവെടുപ്പിനിടെ പ്രതി സബ് ഇൻസ്പെക്ടറുടെ സർവീസ് റിവോൾവർ തട്ടിയെടുത്ത് പൊലീസിന് നേരെ മൂന്ന് തവണ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് സമീപത്തെ കുളത്തിലേക്ക് ചാടിയ പ്രതിക്കുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഹ്ലാദ് ദാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവയ്പ്പിൽ ഒരു സബ് ഇൻസ്പെക്ടർക്ക് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്. ജൂലൈയിൽ ബാരുഇപൂരിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു.




