കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് എഡിജിപി പി. വിജയൻ. നിയമനടപടികളുടെ കാര്യത്തിൽ ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമുണ്ടാകില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവർക്കുമെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട് എന്തെല്ലാം വീഴ്ചകളാണ് സംഭവിച്ചതെന്നും ആരൊക്കെയാണ് ഉത്തരവാദികളെന്നും പരിശോധിക്കാനാണ് എത്തിയതെന്ന് എഡിജിപി പറഞ്ഞു. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട എല്ലാവരെയും കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പ്രാഥമിക ഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം എഡിജിപി പി. വിജയനെ അന്വേഷണത്തിനായി നിയോഗിച്ചത്. നിലവിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കേസിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം പതിനേഴുകാരന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി.
ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്നാണ് വിവരം.




