മുംബൈ: ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) നൽകിയ നോട്ടീസിൽ ബോളിവുഡ് താരം ഇമ്രാൻ ഖാന് ആശ്വാസം. നോട്ടീസിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
ഹർജിയിൽ വാദം കേൾക്കുന്നതുവരെ ഇമ്രാൻ ഖാന് ഇന്ത്യയിൽ തുടരാം. ‘ലീവ് ഇന്ത്യ’ നോട്ടീസിനെതിരെ താരം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാത്തതിനെ തുടർന്ന് ഹർജിയിലെ വാദം നവംബർ രണ്ടിലേക്ക് മാറ്റി. അതുവരെ ഇമ്രാൻ ഖാനെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ഉറപ്പുനൽകിയിരുന്നു.
അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമയുമാണ് 43-കാരനായ ഇമ്രാൻ ഖാൻ. മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് താരത്തിനെതിരെ നടപടിയുണ്ടായത്. ഒക്ടോബർ 10ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. പങ്കാളിയും നടിയുമായ ലേഖ, ബന്ധു സെയ്ൻ മരീ ഖാൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.
ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.
ബോളിവുഡ് താരം ആമിർ ഖാന്റെ ബന്ധുവാണ് ഇമ്രാൻ ഖാൻ. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമയ്യയാണ് ഇമ്രാനെതിരെ രംഗത്തെത്തിയത്. താരം അമേരിക്കൻ പൗരനാണെന്നും ഇക്കാര്യം മുംബൈ പൊലീസ് പരിശോധിക്കണമെന്നും സോമയ്യ ആവശ്യപ്പെട്ടിരുന്നു.




