തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളെയും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെയും ചൊല്ലി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. കിഫ്ബി കേരളത്തിന്റെ ധനസ്ഥിതിയെ തകർത്തുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചപ്പോൾ, കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നത് യുഡിഎഫാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചടിച്ചു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചെന്ന ആരോപണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിലാണ് സഭയിൽ വാദപ്രതിവാദങ്ങൾ അരങ്ങേറിയത്.
കിഫ്ബി ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ ഏകദേശം 70,000 കോടി രൂപ ആവശ്യമായി വരുമെന്നും എന്നാൽ ഇതിനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിലവിൽ 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും 25,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കിഫ്ബിക്ക് വരുമാനം ലഭിക്കുന്ന പദ്ധതികൾ ഇല്ലാത്ത സാഹചര്യത്തിൽ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കടമെടുപ്പ് പരിധി കുറച്ചതോടെ സംസ്ഥാനത്തിന് 12,000 കോടി രൂപയുടെ കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് ധനവകുപ്പിന് മതിയായ നിയന്ത്രണമുണ്ടായിരുന്നില്ലെന്നും അനുമതിയില്ലാതെ നിയമനങ്ങൾ നടത്തുകയും ഉയർന്ന പലിശയ്ക്ക് വായ്പയെടുക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കിഫ്ബി പദ്ധതികൾ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവിയിൽ കിഫ്ബിയുടെ പ്രവർത്തനങ്ങൾ ധനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട സർക്കാർ നീക്കങ്ങൾ കോർപറേറ്റ് വൽക്കരണ അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കിഫ്ബിയുടെ പേര് കേൾക്കുമ്പോൾ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയാണെന്നും അദ്ദേഹം വിമർശിച്ചു.
കിഫ്ബിയെ തകർത്തത് യുഡിഎഫാണെന്നും അതിന്റെ പ്രത്യാഘാതം സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. പത്ത് വർഷം മുമ്പുള്ള കേരളമല്ല ഇന്നുള്ളതെന്നും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ്, മലയോര മേഖലയിലെ റോഡുകൾ, വയനാട്ടിലെ തുരങ്കപാത തുടങ്ങിയ പദ്ധതികൾ കിഫ്ബിയുടെ ഇടപെടലിലൂടെ മുന്നോട്ടുപോയതാണെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് വിവിധ മേഖലകളിൽ പദ്ധതികൾ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രിയായിരിക്കെ കിഫ്ബിയുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് കെ.എൻ. ബാലഗോപാൽ ഉന്നയിച്ച എതിർപ്പുകൾ മുഖ്യമന്ത്രി ചർച്ചയിൽ ഉയർത്തിക്കാട്ടി. സംസ്ഥാനത്തിന്റെ കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്ന് ബാലഗോപാൽ എതിർപ്പ് അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിനെ കോർപറേറ്റ് വൽക്കരണ അജണ്ടയായി വിശേഷിപ്പിക്കുന്നതിലെ വൈരുധ്യവും മുഖ്യമന്ത്രി ചോദ്യം ചെയ്തു. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ധനവകുപ്പിന് നിയന്ത്രണമുണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് യുഡിഎഫ് പ്രവർത്തിക്കുന്നതെന്ന് ബാലഗോപാൽ ആരോപിച്ചു. കിഫ്ബി പദ്ധതികൾ പലതും നടക്കുന്നില്ലെന്നും വിഷയത്തിൽ സഭ നിർത്തിവെച്ച് വിശദമായ ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




