കൊച്ചി: നടൻ നിവിൻ പോളി, നിർമാതാവ് പി.എസ്. ഷംനാസ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ തമ്മിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ഹൈക്കോടതി റദ്ദാക്കി. ഇരുകൂട്ടരും പരസ്പരം നൽകിയ പരാതികളാണ് കോടതി റദ്ദാക്കിയത്. തർക്കം ഒത്തുതീർപ്പാക്കിയതായി മൂവരും കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി.
‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിൽ വ്യാജ ഒപ്പിട്ട് ടൈറ്റിൽ സ്വന്തമാക്കിയെന്നായിരുന്നു നിവിൻ പോളിയുടെ പരാതി. അതേസമയം, നിവിൻ പോളിക്കെതിരെ ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവായിരുന്നു ഷംനാസ്. താൻ പണം നൽകിയ വിവരം മറച്ചുവെച്ച് ‘ആക്ഷൻ ഹീറോ ബിജു 2’ന്റെ വിദേശ വിതരണാവകാശം മറ്റൊരാൾക്ക് കൈമാറിയെന്നായിരുന്നു ഷംനാസിന്റെ പരാതി.
ഷംനാസിൽനിന്ന് ഒരു കോടി 95 ലക്ഷം രൂപ വാങ്ങിയശേഷം ചിത്രത്തിന്റെ വിദേശ വിതരണാവകാശം മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് നൽകിയെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നത്. നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള ‘പോളി ജൂനിയർ’ എന്ന കമ്പനിയും ഇതിന്റെ ഭാഗമായി രണ്ട് കോടി രൂപ മുൻകൂറായി കൈപ്പറ്റിയെന്നും എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു. ഇടപാടിലൂടെ ഒരു കോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് പരാതിയിൽ ആരോപിച്ചിരുന്നു.




