കോഴിക്കോട്: കെഎംസിസി കവർച്ചാ കേസിൽ ഖത്തർ പൊലീസ് അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് മലയാളികളും രണ്ട് പാകിസ്താൻ സ്വദേശികളുമാണ് ഖത്തറിലെ പ്രതിപ്പട്ടികയിലുള്ളത്. കോഴിക്കോട് സ്വദേശികളായ അഷ്റഫ് ഹുസൈൻ, ഹാരിസ് താഴെ തയ്യുള്ളതിൽ, ലജീഷ് ലാൽ തച്ചറോത്ത് മീത്തൽ എന്നിവരും പാകിസ്താൻ സ്വദേശികളായ അസ്‌റർ യൂനുസ്, അൻസാർ മഹ്‌മൂദ് എന്നിവരുമാണ് പ്രതികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും നിലവിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. നാട്ടിലെത്തിയ കോഴിക്കോട് സ്വദേശികൾ കൊയിലാണ്ടി പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.
2025 സെപ്റ്റംബർ 18നാണ് അൽ തുമാമയിലെ കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസിലെ ജീവനക്കാരനായ റൂം ബോയിയെ കെട്ടിയിട്ടശേഷം സംഘം സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് പണം കവർന്നത്. സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവ് ബാലകൃഷ്ണൻ കീഴടങ്ങിയിരുന്നു. ഇയാൾ ഉൾപ്പെടെ ആകെ ആറുപേരാണ് കേസിലുള്ളത്. പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയിൽ ഈ വർഷം സെപ്റ്റംബർ 15നാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.
കെഎംസിസിയുടെ സ്നേഹ സുരക്ഷാ പദ്ധതിക്കായി സമാഹരിച്ച തുകയാണ് മോഷണം പോയത്. അംഗങ്ങൾക്ക് അസുഖമോ മരണമോ സംഭവിച്ചാൽ 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നതിനായി പ്രതിമാസം 20 റിയാൽ വീതം അംഗങ്ങളിൽനിന്ന് പിരിച്ചെടുത്താണ് തുക സമാഹരിച്ചിരുന്നത്.
പണം നഷ്ടമായതിനെത്തുടർന്ന് കെഎംസിസി നൽകിയ പരാതിയിൽ ഖത്തർ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിന് കേരളത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതടക്കം പരിശോധിച്ച് കൊയിലാണ്ടി പൊലീസും അന്വേഷണം തുടരുകയാണ്.




