കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. കോരുത്തോട് സ്കൂളിലെ താരത്തിന് സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കാനുള്ള പ്രായപരിധി കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് താരം പങ്കെടുത്തത്.
ഈ വർഷം ഉത്തർപ്രദേശിൽനിന്ന് കേരളത്തിലെത്തിയ താരമാണ് 100 മീറ്റർ, 400 മീറ്റർ, റിലേ മത്സരങ്ങളിൽ പങ്കെടുത്തത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 മീറ്റർ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു.
താരത്തിന് രണ്ട് ആധാർ കാർഡുകളുണ്ടെന്ന ആരോപണവുമായി കോതമംഗലം മാർ ബേസിൽ, ഐഡിയൽ സ്കൂളുകൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയത്.
പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ കോതമംഗലം മാർ ബേസിൽ സ്കൂൾ അധ്യാപിക ഷിബി മാത്യു പ്രതികരിച്ചു. മത്സരിച്ച മറ്റ് കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോൾ വിഷമമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായ സർക്കാരിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
ഈ സംഭവത്തിന് പുറമെ ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ് ഇനങ്ങളിലും പ്രായത്തട്ടിപ്പ് ആരോപണം ഉയർന്നിട്ടുണ്ട്. ഈ ഇനങ്ങളിൽ മത്സരിച്ച വിദ്യാർഥികൾക്കും എല്ലുപരിശോധന നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.




