മാഡ്രിഡ്: സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 39 പേർ മരിച്ചു. ടൊളേഡോ പ്രവിശ്യയിലാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായതെന്ന് സ്പെയിനിലെ റെയിൽവേ സംവിധാനത്തിന്റെ നടത്തിപ്പുകാരായ എഡിഐഎഫ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒൻപതോടെയാണ് ട്രെയിനുകൾ കൂട്ടിയിടിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് ടെലിവിഷൻ ചാനലായ ടിവിഇ റിപ്പോർട്ട് ചെയ്തു. ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അപകടത്തെത്തുടർന്ന് മാഡ്രിഡ്–അൻഡലൂസിയ അതിവേഗ റെയിൽ പാതയിലെ ഗതാഗതം പൂർണമായി നിർത്തിവെച്ചതായി എഡിഐഎഫ് അറിയിച്ചു. ഇതോടെ മാഡ്രിഡിനും അൻഡലൂസിയയ്ക്കുമിടയിലെ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു.




