ബെംഗളൂരു: ക്ലാസ് മുറികളിൽ കൃത്രിമബുദ്ധിയുടെ ഉപയോഗം നിരോധിക്കുന്ന പരമ്പരാഗത രീതിക്ക് പകരം, പഠനപ്രക്രിയയുടെ ഭാഗമാക്കി എ.ഐ. സാങ്കേതികവിദ്യയെ മാറ്റുകയാണ് ഐ.ഐ.എം. ബെംഗളൂരു. അടുത്തിടെ നടന്ന എം.ബി.എ. മിഡ്‌ടേം പരീക്ഷയിൽ സ്വന്തമായി വികസിപ്പിച്ച എ.ഐ. ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കാൻ 78 വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് അനുമതി നൽകി.
സാങ്കേതികവിദ്യയെ അകറ്റിനിർത്തുന്നതിനുപകരം ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന് വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. എ.ഐ.യുടെ സഹായത്തോടെ പഠനം കൂടുതൽ ഫലപ്രദമാക്കുന്നതിനൊപ്പം വിദ്യാർഥികളുടെ അറിവും വിശകലനശേഷിയും വിലയിരുത്താനും പുതിയ രീതി സഹായിക്കും.
ജനറേറ്റീവ് എ.ഐ. പഠിക്കുന്ന വിദ്യാർഥികൾ ഒരു മാസത്തോളം പരിശ്രമിച്ചാണ് സ്വന്തം ആവശ്യങ്ങൾക്ക് അനുയോജ്യമായ ചാറ്റ്‌ബോട്ടുകൾ വികസിപ്പിച്ചത്. പരീക്ഷയ്ക്കായി നിർദേശിച്ച കോഴ്‌സ് പഠനസാമഗ്രികൾ മാത്രം വിശകലനം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചത്. പുറത്തുനിന്നുള്ള ഡിജിറ്റൽ ഉറവിടങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് ഇതിലൂടെ ഒഴിവാക്കി.
കോഡിങ് പരിജ്ഞാനമില്ലാത്തവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന റിട്രീവൽ ഓഗ്‌മെന്റഡ് ജനറേഷൻ സാങ്കേതികവിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഡിജിറ്റൽ സംവിധാനത്തിലായിരുന്നു പരീക്ഷ നടത്തിയത്.
വിലയിരുത്തൽ രീതിയിലും മാറ്റം
ചാറ്റ്‌ബോട്ടുകൾ നൽകിയ ഉത്തരങ്ങൾ മാത്രമല്ല, വിദ്യാർഥികൾ എ.ഐ. സംവിധാനത്തിന് നൽകിയ നിർദേശങ്ങൾ, ചോദ്യങ്ങൾ രൂപപ്പെടുത്തിയ രീതി, വിഷയത്തെക്കുറിച്ചുള്ള ധാരണ എന്നിവയും അധ്യാപകർ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡുകൾ നൽകിയത്.
ഐ.ഐ.എം. ബെംഗളൂരുവിന് പുറമേ ഐ.ഐ.എം. അഹമ്മദാബാദ്, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്, ഐ.ഐ.എസ്.ഇ.ആർ. പുണെ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹാർവാർഡ് ഉൾപ്പെടെയുള്ള ആഗോള സർവകലാശാലകളും പഠനപദ്ധതികളിൽ എ.ഐ. ഉപയോഗവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
എ.ഐ. നൽകുന്ന വിവരങ്ങൾ സ്വയം വിശകലനം ചെയ്യാനും വിമർശനാത്മക ചിന്തയും പ്രായോഗിക ബുദ്ധിയും വളർത്താനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ രീതികൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എ.ഐ.യെ പൂർണമായി നിരോധിക്കുന്നതിനുപകരം, അതിന്റെ സാധ്യതകളും പരിമിതികളും മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് പുതിയ വിദ്യാഭ്യാസ മാതൃകകളുടെ ലക്ഷ്യം.




