കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. വിഐപി ഡ്യൂട്ടിക്കിടെ പൊലീസ് നിർദേശം ലംഘിച്ച് ആംബുലൻസ് നിർത്താതെ മുന്നോട്ടുപോയെന്നാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ എഫ്ഐആറിലെ ആരോപണം.
ഈ മാസം 16ന് കോഴിക്കോട് ഉപരാഷ്ട്രപതി എത്തിയ ദിവസമായിരുന്നു സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ രോഗിയുമായി പോയ സന്നദ്ധസംഘടനയുടെ ആംബുലൻസ് ഡ്രൈവർ കാരശ്ശേരി സ്വദേശി ശിഹാബുദ്ദീനെതിരെയാണ് പൊലീസ് കേസെടുത്തത്.
രോഗിയുടെ ഗുരുതരാവസ്ഥ ആംബുലൻസിന്റെ വാതിൽ തുറന്ന് പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് ഡ്രൈവറും രോഗിയുടെ ബന്ധുക്കളും പറയുന്നു. എന്നാൽ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതുവരെ പൊലീസ് ആംബുലൻസിന് വഴിയൊരുക്കിയില്ലെന്നാണ് ഇവരുടെ ആരോപണം. വാഹനവ്യൂഹം കടന്നുപോയ ശേഷവും ആംബുലൻസിനെ കടത്തിവിടാത്തതിനെ തുടർന്ന് ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
അപകടത്തിൽ പരിക്കേറ്റ രോഗി മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. സംഭവത്തിൽ ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതായി ആംബുലൻസ് ഡ്രൈവറും രോഗിയുടെ കുടുംബവും അറിയിച്ചു.




