തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊല്ലങ്കോട് സ്വദേശി ശ്രീനിവാസൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
അടുത്തിടെ ക്ഷയരോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീനിവാസനെ രോഗികളെ പാർപ്പിക്കുന്ന പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. സെല്ലിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. പിന്നീട് ചുമതലയേറ്റെത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ സെല്ലിനുള്ളിലേക്ക് നോക്കിയപ്പോഴാണ് ശ്രീനിവാസനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തേ പരോളിലിറങ്ങിയ ശ്രീനിവാസൻ പിന്നീട് ഒളിവിൽ പോയിരുന്നു. അഞ്ചുവർഷത്തിന് ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലെത്തിക്കുകയായിരുന്നു.
ജയിലിൽ കർശന നിരീക്ഷണമുണ്ടായിരിക്കെ സംഭവം എങ്ങനെ ഉണ്ടായെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മരണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ പരിശോധിക്കും.




