തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഹ്രസ്വകാല കരാർ പ്രകാരം അഞ്ച് കമ്പനികളിൽനിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.
യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകി വൈദ്യുതി വാങ്ങാം. യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകാൻ പാടില്ലെന്ന കർശന നിബന്ധനയോടെയാണ് കമ്മീഷൻ കരാറിന് അംഗീകാരം നൽകിയത്.
പി.ടി.സി ഇന്ത്യ ലിമിറ്റഡ്, ആർ.പി.ജി പവർ ട്രേഡിങ് കമ്പനി ലിമിറ്റഡ് എന്നിവയുൾപ്പെടെ അഞ്ച് കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബിക്ക് അനുമതി ലഭിച്ചത്. എന്നാൽ, 2027 ഏപ്രിലിൽ യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷ കമ്മീഷൻ തള്ളി.
പുതിയ അനുമതിയിലൂടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് രൂക്ഷമാകുന്ന രാത്രികാല വൈദ്യുതി ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.




