തിരുവനന്തപുരം: കൊച്ചുകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിംഗ് പിടിപ്പിച്ച് കാർ ഓടിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. വള്ളക്കടവ് വയ്യാമൂല സ്വദേശി സൈനുലാബ്ദീന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ കഴക്കൂട്ടം ജോയിന്റ് ആർടിഒ ആരംഭിച്ചു.
കുഞ്ഞിനെ മടിയിലിരുത്തി കാർ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. അപകടകരമായി വാഹനമോടിക്കുകയും കുട്ടിയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി സൈനുലാബ്ദീനെ ആർടിഒ ഓഫീസിൽ വിളിച്ചുവരുത്തി നോട്ടീസ് നൽകിയിരുന്നു.
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് പരിശീലന ക്ലാസിലും പങ്കെടുക്കണം. കുട്ടി കരഞ്ഞപ്പോൾ മടിയിലിരുത്തിയതാണെന്നാണ് സൈനുലാബ്ദീന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം രാവിലെ കഴക്കൂട്ടം മേൽപ്പാലത്തിലൂടെയാണ് ഇയാൾ കുഞ്ഞിനെ മടിയിലിരുത്തി കാർ ഓടിച്ചത്. പിന്നാലെ വന്ന വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും ഇയാൾ ശ്രദ്ധിച്ചില്ലെന്നാണ് വിവരം. സംഭവത്തിൽ കഴക്കൂട്ടം പൊലീസും കേസെടുത്തിട്ടുണ്ട്.
ബാലാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച കമ്മിഷൻ, ജില്ലാ പൊലീസ് മേധാവിയോടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.




