കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ മകനായ 17 കാരന് ഓടിച്ച കാര്‍ ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശന്. ഉച്ചയോടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ജയബാലകൃഷ്ണന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൈബി ഈഡന് എംപി, ടി ജെ വിനോദ് എംഎല്‍എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തങ്ങളുടെ ആവശ്യം അടങ്ങുന്ന നിവേദനം ജയബാലകൃഷ്ണന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി പറഞ്ഞു. നീതി ലഭിച്ചിട്ടില്ലെന്നും, ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ഉറപ്പു നല്കി. ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യണമെന്ന കാര്യം സര്‍ക്കാരിന്റെ കയ്യില്‍ നില്ക്കുന്നതല്ല. അതൊക്കെ ജുഡീഷ്യറിയാണ് തീരുമാനിക്കേണ്ടത് എന്നും ഭദ്രകീര്ത്തി വ്യക്തമാക്കി.
കേസില്‍ വക്കാലത്ത് ഒപ്പിട്ടത് ഭീഷണിപ്പെടുത്തിയല്ലെന്ന് ഭദ്രകീര്ത്തി പറഞ്ഞു. വക്കാലത്ത് ഒപ്പിട്ടു കൊടുത്തത് താന്‍ തന്നെയാണ്. ഞങ്ങളുടെ സുഹൃത്തു തന്നെയാണ്. ശ്രീജിത്ത് വക്കീല്‍ അച്ഛനുമായും കുടുംബവുമായും വളരെ അടുപ്പമുള്ള അഭിഭാഷകനാണ്. സ്വന്തമായിട്ട് ഇങ്ങോട്ടു വന്ന് ഹെല്‍പ്പ് ചെയ്തതാണ്. പിന്നീട് നിയമനടപടികളിലേക്ക് കടന്നപ്പോള്‍ അദ്ദേഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി വക്കാലത്ത് ഒപ്പിടുവിച്ചു എന്നു ബന്ധു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ഭദ്രകീര്ത്തി വ്യക്തമാക്കി.




