തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിലായി. ഒക്ടോബർ 30ന് രാവിലെ അഞ്ച് മുതൽ എട്ട് മണി വരെയായിരുന്നു പരിശോധന.
സംസ്ഥാനത്തുടനീളം 4,504 സ്കൂൾ ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. ഇരു ജില്ലകളിലും അഞ്ച് വീതം കേസുകൾ കണ്ടെത്തി.
കോട്ടയത്ത് മൂന്ന് കേസുകളും കണ്ണൂരിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും കണ്ടെത്തി.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാണെന്ന് ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയൻ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.



