കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ നാല് പ്രതികളെയും വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ നാളെ വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ദൃക്സാക്ഷികളെക്കൊണ്ട് പ്രതികളെ തിരിച്ചറിയുന്നതിനും ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനുമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാളെ വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ജില്ലാ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്.
ദൃക്സാക്ഷികളെ കാണിച്ച് പ്രതികളെ തിരിച്ചറിയണമെന്നും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് ചോദ്യം ചെയ്യണമെന്നും പൊലീസ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ടെന്നും ഇനി തിരിച്ചറിയൽ പരേഡിന്റെ ആവശ്യമില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ കൂടുതൽ അന്വേഷണം അനിവാര്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് പരിഗണിച്ചാണ് സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
രണ്ടാം തവണയാണ് കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നത്. അതേസമയം, അപകടത്തിൽപ്പെട്ട മിനി കൂപ്പറിന്റെ ഇഡിആർ പരിശോധന സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ തുടരുകയാണ്.
ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ മൂന്നാം പ്രതിയായ ജോയൽ ഹൈക്കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ തുടർ അന്വേഷണ നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.



