തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റായി മാറിയാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലാകും അറിയപ്പെടുക. ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ഇതിന്റെ ഭാഗമായി കേരളത്തിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ 1 മുതൽ 4 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപവും രൂപപ്പെട്ട ശക്തമായ ന്യൂനമർദം അടുത്ത ആറ് മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ 2 വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താൻ സാധ്യതയുണ്ട്.
കേരളത്തിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബർ 1: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
നവംബർ 2: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
നവംബർ 3: കോഴിക്കോട്, വയനാട്, കണ്ണൂർ.
നവംബർ 4: കണ്ണൂർ, കാസർകോട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
കേരള-കർണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിലും മറ്റ് മേഖലകളിലും ചക്രവാതച്ചുഴിയും ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇവയും കാലാവസ്ഥാ സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ട്.




