തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ കരാറുകള്‍ ലഭിച്ചത് ഓപ്പണ്‍ ടെന്‍ഡറിലൂടെയെന്ന് വിശദീകരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിക്കെതിരെ ഉയരുന്ന ആരോപണങ്ങളും വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് സൊസൈറ്റിയുടെ പ്രതികരണം.
കിഫ്ബി വഴി 6,000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. കിഫ്ബിയുടെ കർശനമായ ടെൻഡർ നടപടികൾ പാലിച്ചും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തുമാണ് പദ്ധതികൾ ലഭിച്ചതെന്ന് സൊസൈറ്റി വ്യക്തമാക്കി.
ഏറ്റെടുത്ത നിർമാണ പ്രവർത്തനങ്ങളെല്ലാം കിഫ്ബിയുടെ നിബന്ധനകളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിച്ചാണ് പൂർത്തിയാക്കിയത്. ടെൻഡർ നടപടികൾ മുതൽ നിർമാണം വരെയുള്ള എല്ലാ ഘട്ടങ്ങളും സുതാര്യമാണെന്നും സൊസൈറ്റി അവകാശപ്പെട്ടു. നിലവിലെ രാഷ്ട്രീയ ആരോപണങ്ങൾക്ക് മുമ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആരോപണവും ഉയർന്നിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
വസ്തുതാവിരുദ്ധമായ വാർത്തകളിലൂടെ സൊസൈറ്റിക്കെതിരെ ദുരൂഹത സൃഷ്ടിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ച സംഘടന, 18,000 കുടുംബങ്ങളുടെ ആശ്രയമായും നൂറുവർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമായും തങ്ങളെ വിശേഷിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന തൊഴിൽദാതാക്കളിൽ ഒന്നായ സൊസൈറ്റിയെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടു.



