കോഴിക്കോട്: ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്. 35,000 രൂപ പിഴയും കോടതി വിധിച്ചു. നാദാപുരം പോക്സോ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്.
ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാരി മീത്തൽ രതീഷിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന ഒൻപത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പിറ്റേദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. എടച്ചേരി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
എസ്.ഐ കെ. രാജേഷും എ.എസ്.ഐ ഷീനയും ചേർന്നാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.




