ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മിന്റോ റോഡ്–കനോട്ട് പ്ലേസ് ജങ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാമിൽ നടത്തിയ ‘ആസ്ക് മീ’ സെഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അജ്മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലേക്കാണ് മാർച്ച് നീങ്ങുക.
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിനാണ് ഇന്ത്യാ സഖ്യം രാംലീല മൈതാനിയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കുക, വോട്ട് മോഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പ്രതിഷേധം. മാർച്ചിന്റെ റൂട്ട് മാപ്പും രാഹുൽ ഗാന്ധി നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വിവിധ രാഷ്ട്രീയ നിലപാടുകളുള്ളവരോടും വിദ്യാർഥികളോടും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചിട്ടുണ്ട്. പൊലീസിനെയോ ലാത്തിച്ചാർജിനെയോ ഭയപ്പെടേണ്ടതില്ലെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബിജെപിയുടെ ഭയമാണ് പ്രതിഷേധത്തിനെതിരായ പ്രചാരണങ്ങൾക്ക് പിന്നിലെന്നും രാഹുൽ ആരോപിച്ചു.
പ്രതിഷേധത്തിനെത്തുന്നവർ ഡൽഹിയിലെ ചെറുകിട വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചിട്ടുണ്ട്. പ്രതിഷേധത്തിനൊപ്പം പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കണമെന്നും ഉത്സവ സീസണിൽ റാലി വ്യാപാരത്തെ ബാധിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ റാലിക്ക് ഡൽഹി പൊലീസ് ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് മുമ്പ് റാലി അവസാനിപ്പിക്കണം, ജനക്കൂട്ടത്തെ നിയന്ത്രിക്കണം, അച്ചടക്കം ഉറപ്പാക്കണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
എന്നാൽ കനോട്ട് പ്ലേസിൽ നിന്ന് രാംലീല മൈതാനിയിലേക്കുള്ള മാർച്ചിന് പ്രത്യേക അനുമതി തേടിയിട്ടില്ലെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂഡൽഹി, സെൻട്രൽ ജില്ലകളിലെ പൊലീസ് അധികൃതരെ മാർച്ചിന്റെ കാര്യം അറിയിച്ചിട്ടില്ലെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ഇതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം പ്രതീകാത്മകമായി പുറത്താക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മോക്ക് പാർലമെന്റിലായിരുന്നു നടപടി. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷയായ പരിപാടിയിൽ ഇന്ത്യാ സഖ്യ നേതാക്കൾ, വിദ്യാർഥി നേതാക്കൾ, പൗരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിച്ചത്. വോട്ടുകൾ വെട്ടിമാറ്റാൻ ഗൂഢാലോചന നടത്തിയെന്നും 13.2 കോടി വോട്ടുകൾ നീക്കം ചെയ്തെന്നും ഫോം ആറിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകപക്ഷീയമായ നടപടികൾ സ്വീകരിച്ചെന്നും പ്രമേയത്തിൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ ഭരണഘടനാ വിരുദ്ധ നടപടികൾ ആരോപിച്ച് പുറത്താക്കണമെന്നും ക്രിമിനൽ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളായാണ് വിലയിരുത്തപ്പെടുന്നത്.
ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി മോദിയും അമിത് ഷായും സംരക്ഷിക്കുമെന്നാണ് കരുതുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ വികാരം ഗ്യാനേഷ് കുമാർ മനസിലാക്കണമെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്ന നടപടികൾക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ഡൽഹി’ മാർച്ചിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും പങ്കാളിത്തം ശ്രദ്ധേയമാകും.




