പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പരുമല പള്ളിയിലും പരിസരങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പത്തനംതിട്ട ജില്ലാ പൊലീസ്. ഇന്നും നാളെയുമായി നടക്കുന്ന പെരുന്നാളിൽ ആയിരക്കണക്കിന് തീർഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണ് സുരക്ഷ ശക്തമാക്കിയത്.
ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പത്തനംതിട്ട ജില്ലയിൽനിന്ന് മാത്രം 500 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
പള്ളിയും പരിസരവും 11 സെക്ടറുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർമാർക്കാണ് ഓരോ മേഖലയുടെയും ചുമതല. ഇന്ന് നടൻ മമ്മൂട്ടിയും പെരുന്നാൾ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ പ്രത്യേക സുരക്ഷയും തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പരുമല പാലം മുതൽ പള്ളിയുടെ പ്രവേശന കവാടം വരെയുള്ള റോഡിൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഘോഷയാത്രയുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾക്ക് മാത്രമായിരിക്കും നിശ്ചിത നിയന്ത്രണങ്ങളോടെ പള്ളിയങ്കണത്തിലേക്ക് പ്രവേശനം അനുവദിക്കുക.
റോഡരികിലെ അനധികൃത കച്ചവടങ്ങളും ഗതാഗതത്തിന് തടസ്സമാകുന്ന പ്രവർത്തനങ്ങളും നിയന്ത്രിക്കും. മന്നാർ, പരുമല, ചെങ്ങന്നൂർ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ, ക്രമസമാധാനം, ഗതാഗത നിയന്ത്രണം, തിരക്ക് നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി പൊലീസ് അറിയിച്ചു.




