ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വെറും 59 മിനിറ്റ് കൊണ്ട് ആഗ്രയില്‍ എത്തിച്ചേരാന്‍ കഴിയുന്ന നിര്‍ദ്ദിഷ്ട നോര്‍ത്തേണ്‍ ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ശൃംഖല വടക്കേ ഇന്ത്യയിലെ പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ്. നിര്‍ദ്ദിഷ്ട ഇടനാഴി പദ്ധതി യാഥാര്‍ഥ്യമായാല്‍ ഡല്‍ഹിയില്‍ വെറും 59 മിനിറ്റ് കൊണ്ട് ആഗ്രയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
വാരാണസിക്കും ന്യൂഡല്‍ഹിക്ക് ഇടയിലുള്ള പുതിയ വന്ദേഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പദ്ധതിയുടെ പ്രധാന സവിശേഷത യാത്രാസമയം കുറയുന്നു എന്നതാണ്. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് ഇടനാഴി. ഡല്‍ഹിയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള യാത്രാ സമയം കുറയുന്നതിനൊപ്പം വാരാണസിയിലേക്കും കിഴക്കന്‍ മേഖലകളിലേക്കും കണക്ടിവിറ്റി വ്യാപിപ്പിക്കാനും ഇത് സഹായിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്‍ഗണന നല്കി തൂണുകള്‍ മുതല്‍ ഗര്‍ഡറുകള്‍ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തദ്ദേശീയമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.




