കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം.
കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സായയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിയിൽനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ മരണകാരണം സംബന്ധിച്ച് കുറിപ്പിൽ പരാമർശമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
പത്തനാപുരം സ്വദേശിനിയായ സായയുടെ കുടുംബം നിലവിൽ എറണാകുളത്താണ് താമസം. നാലുവർഷം മുമ്പായിരുന്നു സായയുടെയും അഫ്സലിന്റെയും വിവാഹം. സംഭവത്തിൽ ഇരവിപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)




