തിരുവനന്തപുരം: അഭിരാം കൊലക്കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിരാമിന്റെ സുഹൃത്തായ പതിനേഴുകാരൻ, ഇയാളുടെ പെൺസുഹൃത്തും ശ്രീവരാഹം സ്വദേശിയുമായ അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരെയാണ് പ്രതി ചേർത്തത്. പതിനെട്ടുകാരിയായ അനന്ത വിദ്യാർഥിനിയാണ്. ഉമർ കാപ്പാ കേസ് പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കൊലപാതകത്തെക്കുറിച്ച് പെൺകുട്ടിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം നടത്തിയ വിവരം പതിനേഴുകാരൻ പെൺകുട്ടിയെ അറിയിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെയും കേസിൽ പ്രതി ചേർത്തത്.
അതേസമയം, അഭിരാമിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുടുംബം ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയെന്ന് സംശയിക്കുന്നയാളെ ആദ്യം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന് അഭിരാമിന്റെ പിതാവ് മധുകുമാർ പറഞ്ഞു. തലേദിവസം വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും പിറ്റേന്ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നതിനായി പതിനേഴുകാരൻ കുറ്റം സ്വയം ഏറ്റെടുത്തതാകാമെന്നും പിതാവ് സംശയം പ്രകടിപ്പിച്ചു.
തിങ്കളാഴ്ചയാണ് ശ്രീകാര്യത്തെ കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിരാമിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം മുതൽ അഭിരാമിനെ കാണാതായതിനെ തുടർന്ന് കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴുത്തുഞെരിച്ചാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം താൻ ഒറ്റയ്ക്കാണ് നടത്തിയതെന്നും പതിനേഴുകാരൻ മൊഴി നൽകിയിട്ടുണ്ട്. കൃത്യത്തിന് ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തിയെന്നും പ്രതി പറയുന്നു.
എന്നാൽ, പ്രതികളുടെ ലക്ഷ്യം അഭിരാമിന്റെ മറ്റൊരു സുഹൃത്തായിരുന്നുവെന്നാണ് പതിനേഴുകാരന്റെ മറ്റൊരു മൊഴി. ഈ സുഹൃത്തിനെ വിളിച്ചുവരുത്തുന്നതിനായി അഭിരാമിനെ ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്നും ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ഇയാൾ പറയുന്നത്.
അതേസമയം, അഭിരാം ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം സന്ദേശങ്ങളയച്ച് പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം പെൺകുട്ടി തന്റെ ആൺസുഹൃത്തിനോട് പരാതിപ്പെട്ടതിനെ തുടർന്നാണ് അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നുമായിരുന്നു പ്രതി ആദ്യം നൽകിയ മൊഴി. പരസ്പരവിരുദ്ധമായ മൊഴികൾ ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
അഭിരാമിന്റെ സംസ്കാരച്ചടങ്ങുകൾ നാളെയാണ് നടക്കുക. വിദേശത്തുള്ള സഹോദരി നാളെ നാട്ടിലെത്തും. വിദേശത്തായിരുന്ന മാതാവ് ഇന്ന് പുലർച്ചെ എത്തിയിരുന്നു.




