തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ കേരള പൊലീസ് പുതിയ ഡിജിറ്റൽ സംവിധാനം ഒരുക്കി. ‘എച്ച്.എം. ആക്ട്സ്’ (HM Acts) എന്ന പേരിലുള്ള ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പരാതികൾ കൈകാര്യം ചെയ്യുക.
ഈ സംവിധാനത്തിലൂടെ പരാതികൾ ഡിജിറ്റലായി രേഖപ്പെടുത്താനും തുടർനടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും കഴിയും. പരാതികളിൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനും അതിന്റെ വിവരം പരാതിക്കാരെ അറിയിക്കാനും സംവിധാനമുണ്ട്. അടിയന്തര പ്രാധാന്യമുള്ള പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രത്യേക നിർദേശങ്ങൾ നൽകാനും കഴിയും.
കൂടാതെ, കുറ്റകൃത്യങ്ങൾ തത്സമയം നിരീക്ഷിക്കാൻ ‘ഹോംസ്’ (HOMeS) എന്ന പേരിൽ പുതിയ ഡാഷ്ബോർഡും ആരംഭിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് അറിയാൻ ഇതിലൂടെ സാധിക്കും. പ്രധാന സ്ഥിതിവിവര കണക്കുകളും പ്രധാന കേസുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഒരൊറ്റ സ്ക്രീനിൽ ലഭ്യമാകും.
എന്നാൽ കേസുകളുടെ അന്വേഷണത്തിൽ ഇടപെടില്ലെന്നും വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കാനും കേരള പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കാനുമാണ് പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐകോപ്സ് (iCoPS) ആണ് രണ്ട് സോഫ്റ്റ്വെയറുകളും രൂപകൽപന ചെയ്തത്.




