പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച കേസിലെ പ്രതി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറക്കപ്പടി സ്വദേശി അദിനാനാണ് കോടതിക്കുള്ളിൽ നിന്ന് ചാടിയത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ പ്രതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കൈവിലങ്ങുമായി പെരുമ്പാവൂർ കോടതിയിലെത്തിച്ച പ്രതി കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ പൊലീസുകാർ ഇടപെട്ട് ഇയാളെ ആശുപത്രിയിലെത്തിച്ചു. പ്രതിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. സ്കാനിങ്ങിന് വിധേയനാക്കിയിട്ടുണ്ട്.
14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അദിനാൻ അറസ്റ്റിലായത്. ഓഗസ്റ്റ് എട്ടിനായിരുന്നു പോക്സോ കേസിൽ അറസ്റ്റ്. കഴിഞ്ഞ മാസം 18ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് അതിജീവിതയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
പെൺകുട്ടിയെ വീട്ടിൽനിന്ന് വലിച്ചിഴച്ച് സിറ്റൗട്ടിലെത്തിച്ച പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായി. ആക്രമണത്തിൽ പെൺകുട്ടിയുടെ ഇരുകൈകൾക്കും പരിക്കേറ്റു.
സംഭവം കണ്ട് പ്രതിയെ തടയാൻ എത്തിയ സമീപവീട്ടിലെ രണ്ട് യുവാക്കൾക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്.


