കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ ഹർജി നൽകിയത്. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അന്വേഷണവിധേയമായുള്ള സസ്പെൻഷൻ ശിക്ഷാനടപടിയായി കണക്കാക്കാനാകില്ലെന്നാണ് ഹർജിയിലെ വാദം. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.
സർവകലാശാലയിലെ പി.ജി. പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. സമരം ചെയ്യുന്ന ഏഴ് വിദ്യാർഥികൾക്കാണ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുന്നത്. ആറാം തീയതി ആരംഭിക്കുന്ന യു.ജി. പരീക്ഷ എഴുതേണ്ട മൂന്ന് വിദ്യാർഥികളും സസ്പെൻഷൻ നടപടി നേരിടുന്നുണ്ട്.
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ചട്ടങ്ങൾ പാലിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും യു.ജി.സി. മാനദണ്ഡങ്ങളും സർവകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാൻസലറുടെ അപ്പീൽ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സർവകലാശാല വൈസ് ചാൻസലർ തന്നെ കോടതിയിൽ അപ്പീൽ നൽകുന്നത് ചരിത്രത്തിലാദ്യമായിരുന്നു. ഹാജർ കുറവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വൈസ് ചാൻസലറുടെ അപ്പീൽ. എന്നാൽ, വൈസ് ചാൻസലർ സിസ തോമസിനെതിരെ സമരം ചെയ്തതിന്റെ പേരിലാണ് 60 ദിവസം മുൻപ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് വിദ്യാർഥികളുടെ നിലപാട്. അതേസമയം, സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമരം തുടരുകയാണ്.




