മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം തട്ടിയെടുക്കാൻ ശ്രമം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം കവരാനായിരുന്നു സംഘത്തിന്റെ നീക്കം. സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ സംഘം തട്ടിക്കൊണ്ടുപോയി.
ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതിയെയാണ് മറ്റൊരു വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് മലപ്പുറം പുളിക്കലിൽ വെച്ച് പൊലീസ് സാഹസികമായി യുവതിയെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സ്വദേശികളാണ് സ്വർണം തട്ടിയെടുക്കാനെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദുബൈയിൽ നിന്നെത്തിയ റിയയാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്. മാല, വള, കൈച്ചെയിൻ തുടങ്ങിയ ആഭരണങ്ങളുടെ രൂപത്തിലാണ് സ്വർണം കടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.




