തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപിയും രംഗത്ത്. സിജെപി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ 12 മണിക്കൂർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാണ് സമരം. എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ സമരം 123-ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ നിലപാടിൽ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സിജെപി പിന്തുണയുമായി എത്തിയത്.
സിജെപി സൗത്ത് സോൺ കോർഡിനേറ്റർമാരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇത് എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ മാത്രം പ്രശ്നമല്ലെന്നും കഠിനാധ്വാനം ചെയ്ത് റാങ്ക് നേടിയിട്ടും നിയമനത്തിനായി തെരുവിലിറങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും സിജെപി കോർഡിനേറ്റർ പറഞ്ഞു. ഇപ്പോഴത്തേത് സൂചനാ സമരം മാത്രമാണെന്നും റാങ്ക് ഹോൾഡേഴ്സിന് നിയമനം ലഭിക്കുന്നതുവരെ സമരരംഗത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും നിയമനപ്രശ്നത്തിന് ശാശ്വത പരിഹാരം അതുമാത്രമാണെന്നും സമരസമിതി നേതാവ് വളർമതി പ്രതികരിച്ചു. അനുപാതം കുറയ്ക്കില്ലെന്ന സർക്കാർ നിലപാട് ധാർഷ്ട്യമാണെന്നും പ്രശ്നം പരിഹരിക്കാൻ തയ്യാറല്ലെന്നതിന്റെ സൂചനയാണെന്നും അവർ വിമർശിച്ചു. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യം പോലും സർക്കാർ പരിഗണിച്ചിട്ടില്ലെന്നും വളർമതി ആരോപിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ ന്യായമെന്ന് തോന്നിയ ആവശ്യം ഇപ്പോൾ എന്തുകൊണ്ടാണ് അംഗീകരിക്കാത്തതെന്നും അവർ ചോദിച്ചു. വോട്ടിന് വേണ്ടിയുള്ള വാചാലത മാത്രമായിരുന്നോ അന്നത്തെ നിലപാടെന്ന് ജനങ്ങൾ വിലയിരുത്തുമെന്നും വളർമതി പറഞ്ഞു. ആവശ്യം അംഗീകരിക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
സിജെപി മീഡിയ കോർഡിനേറ്റർ വിജയ് റെഡി മല്ലങ്കിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയുള്ള പോരാട്ടമാണ് എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടേതെന്ന് അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്കൂളുകൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുതാര്യമായ നിയമന സംവിധാനം വേണമെന്നും മല്ലങ്കി ആവശ്യപ്പെട്ടു. എൽ.പി.എസ്.ടി. ഉദ്യോഗാർഥികൾക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.




